ഇടുക്കിയിൽ പോലീസ്–ബാങ്ക് ഉദ്യോഗസ്ഥർക്കായി സെമിനാർ
ഇടുക്കി : സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിൽ പോലീസും ബാങ്കുകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടന്നു. സെപ്റ്റംബർ 26-ന് കുയിലിമല കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഡി.സി.ആർ.ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രി. ബിജു കെ.ആർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രി. കെ.എം സാബു മാത്യു ഐ.പി.എസ് നിർവഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രി. വർഗീസ് എം. മാത്യു വിഷയാവതരണം നടത്തി.
സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായുള്ള ബാങ്കിങ് സുരക്ഷാ സംവിധാനങ്ങളും പോലീസിന്റെ നടപടികളും പരസ്പരം പരിചയപ്പെടുത്തുന്നതിനൊപ്പം സംശയനിവാരണ ചർച്ചകളും നടന്നു. ഇന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബാങ്ക് ജീവനക്കാരെ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യത്തെയും ഉപഭോക്താക്കളുടെ വിശ്വാസസംരക്ഷണത്തെയും കുറിച്ചും യോഗത്തിൽ വിശകലനം നടന്നു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെയും ബാങ്കുകളിലെയും 200-ഓളം ഉദ്യോഗസ്ഥർ സെമിനാറിൽ പങ്കെടുത്തു.


