വ്യാജ പരസ്യം : സ്വർണക്കടക്ക് പിഴ
കോട്ടയം: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയിൽ ഇടപ്പള്ളി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയ്ക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി.
കൂരോപ്പട സ്വദേശി ലിൻസി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2024 ജൂൺ 25-ന് പഴയ സ്വർണം നൽകി 36,200 രൂപ വില വരുന്ന പാദസരം വാങ്ങിയെങ്കിലും, ഒരു മാസത്തിനുള്ളിൽ അത് പൊട്ടിപ്പോയി. ജ്വല്ലറിയോട് സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് പരാതി.
കമ്മീഷനു സമർപ്പിച്ച അപ്രൈസർ റിപ്പോർട്ടിൽ നിർമാണത്തിലെ പിഴവാണ് പൊട്ടിപ്പോകാൻ കാരണമെന്ന് വ്യക്തമാക്കി.
"പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം കണ്ടായിരുന്നു യുവതി സ്വർണം വാങ്ങിയിരുന്നത്.
പാദസരത്തിന് നൽകിയ 36,200 രൂപ പലിശയോടെ തിരികെ നൽകി,നഷ്ടപരിഹാരമായി 10,000 രൂപയും,കോടതി ചെലവിനായി 2,000 രൂപയും നൽകണം എന്നാണ് കമ്മീഷൻ വിധി
ഒപ്പം "പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണം എന്നും ഉത്തരവിൽ പറയുന്നു.
കമ്മീഷൻ പ്രസിഡന്റായി അഡ്വ. എസ്. മനുലാൽ, അംഗങ്ങളായി അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.






