കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; ആറുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന താണ്ടപ്ര ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയതോടെ ആളുകൾ ബസിനടിയിൽപ്പെടുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
അപകടത്തിനു പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. കനത്ത മഴയും ഗതാഗതക്കുരുക്കും നിലനിന്നിരുന്ന സമയത്താണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ ഫുട്പാത്തിലെ ബാരിക്കേഡും സമീപത്തെ പോസ്റ്റും തകർന്നു. സമീപത്തെ കടയിലേക്കും ബസ് ഇടിച്ചുകയറി.


