വാല്‍പ്പാറ അപകടം : 9 മരണം

വാല്‍പ്പാറ അപകടം : 9 മരണം

വാല്‍പ്പാറയില്‍ വിനോദയാത്രയ്ക്കിടെ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. മലപ്പുറം പാങ്ങ് എല്‍പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 13 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ മരിച്ചവര്‍ പാങ്ങ് എല്‍പി സ്കൂളിലെ അധ്യാപകരായ ഷക്കീല (37), മജീദ് (43), അജിത (54), റംല (52), ആശ (41), സുഹ്റ (43), സ്കൂളിലെ ആയ സാജിത (45), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12), സാജിതയുടെ മകൻ ഷഹാദിൻ (11) എന്നിവരാണ്.

ട്രാവലർ ഓടിച്ചിരുന്ന ഫാസിത്ത്, സ്കൂൾ ഡ്രൈവർ നൗഷാദ് (39), മസ്നീൻ (10) എന്നിവർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നൗഷാദും ഫാസിത്തും കോയമ്പത്തൂർ ആശുപത്രിയിലും, മസ്നീൻ പൊള്ളാച്ചി ആശുപത്രിയിലുമാണ് ചികിത്സയിൽ തുടരുന്നത്.

അപകടത്തെ തുടർന്ന് കേരളത്തില്‍നിന്ന് പ്രത്യേക സംഘം പുറപ്പെട്ടതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. തമിഴ്നാട് ഡിജിപിയുമായി ബന്ധപ്പെട്ടു പൊള്ളാച്ചി പൊലീസുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നതായും, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.