30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ; ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ
തൊടുപുഴ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപ പ്രഖ്യാപിച്ച തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ 20) ഉച്ചയ്ക്ക് 12.30ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.
ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിക്കും. കൗൺസിലർ ആതിര ജോഷി മുഖ്യാതിഥിയാകും. ട്രേഡ് യൂണിയൻ നേതാക്കൾ, ലോട്ടറി ഏജന്റുമാർ, വിൽപ്പനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.
സമ്മാനഘടനയിൽ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. ആകെ 125.54 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.
ഏജന്റുമാർക്ക് സാധാരണ ഡിസ്‌കൗണ്ടിന് പുറമേ ഓരോ ടിക്കറ്റിനും ഒരു രൂപ വീതം വിൽപ്പന ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രമാണ് ഔദ്യോഗികമായി വിൽപ്പനയ്ക്കുള്ളത്. ഓൺലൈൻ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി ടിക്കറ്റുകൾ വാങ്ങി തട്ടിപ്പിനിരയാകരുതെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ മുന്നറിയിപ്പ് നൽകി.





