ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; കട്ടപ്പന ഉപജില്ല മുന്നിൽ

ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; കട്ടപ്പന ഉപജില്ല മുന്നിൽ

നെടുങ്കണ്ടം: ജില്ലയിലെ കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന 23-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നെടുങ്കണ്ടത്ത് ആവേശകരമായ തുടക്കം. ആദ്യദിനം പിന്നിട്ടപ്പോൾ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയാണ് മുന്നിൽ. ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനങ്ങൾക്കായി താരങ്ങൾ പോരാടിയപ്പോൾ റെക്കോർഡ് നേട്ടങ്ങളൊന്നും ആദ്യദിനത്തിൽ പിറന്നില്ല.

ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ സ്പ്രിന്റ് മത്സരങ്ങളാണ് കാണികളുടെ ശ്രദ്ധയാകർഷിച്ചത്. ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ ചില താരങ്ങൾക്ക് ആദ്യദിനം മത്സരിക്കാനായില്ല. ഇതോടെ ചില ഇനങ്ങളുടെ അന്തിമഫലം പ്രഖ്യാപിക്കുന്നതും നീണ്ടു.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ വർഷം ജില്ലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ചില താരങ്ങൾ മറ്റു ജില്ലകളിലെ സ്കൂളുകളിലേക്ക് മാറിയതും മത്സരവേദികളിലെ ചർച്ചയായി. വരുംദിവസങ്ങളിൽ കൂടുതൽ മികച്ച പ്രകടനങ്ങളും റെക്കോർഡ് നേട്ടങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

കട്ടപ്പന ഉപജില്ല മുന്നിൽ; സ്കൂൾതലത്തിൽ കാൽവരിമൗണ്ട് ഒന്നാമത്

ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 74 പോയിന്റുമായി കട്ടപ്പന ഉപജില്ല ഒന്നാം സ്ഥാനത്തെത്തി. ആറ് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 65 പോയിന്റുമായി അടിമാലി ഉപജില്ല രണ്ടാം സ്ഥാനത്തും രണ്ട് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 27 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.

Slide 1
Slide 2
Slide 3
Slide 4

ബൂട്ടില്ലാതെ സിന്തറ്റിക് ട്രാക്കിൽ കുരുന്നുകൾ

Slide 1
Slide 2
Slide 3
Slide 4

 സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ഷൂ ധരിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ നിരവധി താരങ്ങൾ ബൂട്ടില്ലാതെ മത്സരത്തിനിറങ്ങി. നഗ്നപാദരായും സോക്സ് മാത്രം ധരിച്ചും മത്സരിച്ച കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ഉപജില്ലാ കായികമേളകളിലും ഷൂ ധരിക്കാതെയുള്ള മത്സരം വിവാദമായിരുന്നു. നഗ്നപാദരായി ട്രാക്കിലിറങ്ങിയ ചിലരുടെ കാലുകൾ പൊള്ളുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ മേളയിൽ സ്പൈക്ക് ഷൂ നിർബന്ധമാക്കിയത്. എന്നാൽ ആവശ്യമായ ഷൂ ഉണ്ടെന്ന് ഉറപ്പാക്കാതെയാണ് പല ഉപജില്ലകളും താരങ്ങളെ മത്സരത്തിനെത്തിച്ചതെന്നാണ് ആക്ഷേപം.

ദീർഘദൂര ഓട്ടമത്സരങ്ങളിൽ ഉൾപ്പെടെ ഷൂ ഇല്ലാതെ ഇറങ്ങിയ ചിലർക്ക് മത്സരം പൂർത്തിയാക്കാനായില്ല. ആവശ്യമായ കായികോപകരണങ്ങൾ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ വീഴ്ച വരുത്തിയെന്ന വിമർശനവും ഉയർന്നു.

ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് ഇരട്ട മെഡൽ

 ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഇരട്ട മെഡൽ നേട്ടവുമായി അസം സ്വദേശി നിഷാന്ത് മാറാണ്ടി. നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നിഷാന്ത് സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണവും ഹർഡിൽസിൽ വെങ്കലവും നേടി.

നരിയമ്പാറയിലെ എസ്റ്റേറ്റിൽ വർഷങ്ങളായി ജോലി ചെയ്യുന്ന പിതാവ് മാറാണ്ടിക്കൊപ്പം രണ്ടു വർഷം മുമ്പാണ് നിഷാന്ത് കേരളത്തിലെത്തിയത്. അസമിൽ ഏഴാം ക്ലാസ് വരെ പഠിച്ച നിഷാന്ത് പിന്നീട് നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിൽ പഠനം തുടരുകയായിരുന്നു.

സ്കൂളിലെത്തിയതോടെ നിഷാന്തിന്റെ കായികശേഷി തിരിച്ചറിഞ്ഞ പരിശീലകൻ അമൃതേഷാണ് മത്സരങ്ങൾക്കായി ഒരുക്കിയത്. ചിട്ടയായ പരിശീലനത്തിലൂടെ ആദ്യ ജില്ലാ കായികമേളയിൽത്തന്നെ ഇരട്ട മെഡൽ നേടാൻ നിഷാന്തിനായി. മലയാളവും നന്നായി പഠിച്ച നിഷാന്ത് പഠനത്തിലും മികവ് പുലർത്തുന്നുണ്ടെന്ന് അധ്യാപകർ പറഞ്ഞു.

ദീർഘദൂര ട്രാക്കിൽ സ്വർണം കൊയ്ത് വൈഷ്ണവും റോഷ്നിയും

നെടുങ്കണ്ടം: ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ 3000 മീറ്റർ ഓട്ടത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വൈഷ്ണവ് രതീഷും പെൺകുട്ടികളുടെ വിഭാഗത്തിൽ റോഷ്നി രാജേഷും സ്വർണം നേടി.

വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി മത്സരിക്കാനുള്ള അവസരം ലഭിച്ച വൈഷ്ണവ് 1600 മീറ്റർ ഓട്ടത്തിലും ക്രോസ് കൺട്രിയിലും ഇനി മാറ്റുരയ്ക്കും.

പെരുവന്താനം സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ റോഷ്നി രാജേഷാണ് ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടിയത്. ക്രോസ് കൺട്രി ഉൾപ്പെടെയുള്ള മത്സരങ്ങളിലും റോഷ്നി പങ്കെടുക്കും. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ ക്രോസ് കൺട്രിയിൽ റോഷ്നി മത്സരിച്ചിരുന്നു.

ആദ്യ സ്വർണം നെടുങ്കണ്ടത്തിന്; തിളങ്ങി സാൽവിൻ ജേക്കബ്

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം നെടുങ്കണ്ടം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സാൽവിൻ ജേക്കബിന്. ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിലാണ് സാൽവിൻ സ്വർണം നേടിയത്.

വയനാട് സ്വദേശിയായ സാൽവിൻ ഈ വർഷമാണ് നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം നേടിയത്. ആദ്യ ജില്ലാ സ്കൂൾ കായികമേളയിൽത്തന്നെ സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കൻ. സ്പോർട്സ് ഹോസ്റ്റലിലെ ടോണി തോമസാണ് പരിശീലകൻ.

സംസ്ഥാനതല സ്വർണം ലക്ഷ്യമിട്ട് അഞ്ജന; ആദ്യദിനം വെള്ളി

സംസ്ഥാനതല സ്കൂൾ കായികമേളയിൽ മികച്ച നേട്ടം ലക്ഷ്യമിട്ട് മത്സരിക്കുന്ന കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ജന സന്തോഷിന് ജില്ലാ കായികമേളയുടെ ആദ്യദിനത്തിൽ വെള്ളിമെഡൽ. 100 മീറ്റർ ഹർഡിൽസിലാണ് അഞ്ജന രണ്ടാം സ്ഥാനം നേടിയത്.

ഇന്ന് നടക്കുന്ന 200, 400 മീറ്റർ ഹർഡിൽസ് മത്സരങ്ങളിലും അഞ്ജന പങ്കെടുക്കും. കഴിഞ്ഞ വർഷം 100 മീറ്ററിലും 400 മീറ്ററിലും മികച്ച സ്ഥാനങ്ങൾ നേടിയ അഞ്ജന സംസ്ഥാനതല മത്സരത്തിനും യോഗ്യത നേടിയിരുന്നു. ഇത്തവണയും മികച്ച പ്രകടനം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. സ്കൂളിലെ കായികാധ്യാപകൻ വിൻസ് ജോസഫിന്റെ പരിശീലനത്തിലാണ് അഞ്ജന മത്സരത്തിനൊരുങ്ങുന്നത്.

ജില്ലാ കായികമേളയിൽ ഇന്ന്

രാവിലെ: 100 മീറ്റർ ഹീറ്റ്സും ഫൈനലും, 100, 110 മീറ്റർ ഹർഡിൽസ് ടൈം ട്രയൽസ്, 3000 മീറ്റർ ഫൈനൽ, 400 മീറ്റർ ടൈം ട്രയൽ, 3000 മീറ്റർ നടത്തം ഫൈനൽ, 5000 മീറ്റർ നടത്തം ഫൈനൽ, 200 മീറ്റർ ഹീറ്റ്സ്.

ഉച്ചകഴിഞ്ഞ്: 1500 മീറ്റർ ഫൈനൽ, 200 മീറ്റർ ഫൈനൽ, 400 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ, 800 മീറ്റർ ഫൈനൽ, 4×400 മീറ്റർ റിലേ ഫൈനൽ, 4×100 മീറ്റർ റിലേ ഫൈനൽ.

ഫീൽഡ് ഇനങ്ങൾ: ലോങ് ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ട്രിപ്പിൾ ജംപ്.