50% അമേരിക്കൻ തീരുവ പണി കിട്ടുന്നത് ഇടുക്കിക്കോ....?
ഏലക്കാ വില പൊളിയുമോ..?

ഇടുക്കി:-ഇന്ത്യക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ 50% അധിക തീരുവ, രാജ്യത്താകെയുള്ള കയറ്റുമതി മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപ് ഏർപ്പെടുത്തിയ 25% കയറ്റുമതി തീരുവ നാളെ മുതൽ നിലവിൽ വരും, ബാക്കി 25 ശതമാനം തീരുവ 20 ദിവസത്തിനു ശേഷവും നിലവിൽ വരും. 50 ശതമാനം അധികതീരുവ ഏർപ്പെടുത്തുന്നതോടുകൂടി ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലയിൽ വലിയ വർദ്ധനവ് അമേരിക്കയിൽ ഉണ്ടാവും. രാജ്യത്താകമാനം പ്രതിസന്ധി ഉണ്ടാകുമെങ്കിലും, ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് കേരളത്തിനെയും പ്രത്യേകിച്ച് ഇടുക്കി ജില്ലയെയും ആണ്. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയെ ഗണ്യമായി ബാധിക്കാൻ സാധ്യതയുള്ള കാര്യമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇടുക്കി ജില്ലയിൽ നിന്നുള്ള കുരുമുളക് ഏലക്ക, ജാതി,ഗ്രാമ്പു, തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. ഇടുക്കിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏലക്ക ഉൾപ്പടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഏറെയും അമേരിക്കൻ വിപണിയിലേക്കാണ് എത്തപ്പെടുക. അതുകൊണ്ടുതന്നെ ജില്ലയിലെ സ്പൈസസ് കയറ്റുമതി മേഖലയ്ക്ക് വൻ തിരിച്ചടിയാവും ഇതൊന്ന കാര്യത്തിൽ സംശയമില്ല. കസ്റ്റംസ് ഡ്യൂട്ടി വർദ്ധിക്കുന്നതോടുകൂടി അമേരിക്കൻ ഇറക്കുമതിക്കാർക്ക് തീരുവ കുറഞ്ഞ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വരും. ഇടുക്കി ജില്ലയിൽ നിന്ന് ഏറ്റവുമധികം ഏലക്ക കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്ന് അമേരിക്കയാണ്, എന്നാൽ അധികതീരുവ ഏർപ്പെടുത്തുന്നതോടുകൂടി ജില്ലയിൽ നിന്നുള്ള കയറ്റുമതി പൂർണമായി നിലയ്ക്കാനാണ് സാധ്യത. ഡിമാൻഡ് കുറയുന്നതോടുകൂടി സ്വാഭാവികമായും ഏലക്കയുടെ വിലയും കൂപ്പുകുത്താനാണ് സാധ്യത.