ഹൈറേഞ്ചിന് അഭിമാനം: കൈപ്പട ബുക്‌സിന് ഭാഷാ സാഹിത്യ പുരസ്‌കാരം
2021 കേരളപ്പിറവി ദിനത്തില്‍ കട്ടപ്പന കേന്ദ്രമാക്കിയാണ് കൈപ്പട പ്രവര്‍ത്തനം ആരംഭിച്ചത്
കൊച്ചി: ഇന്‍ഡിവുഡ് ഏര്‍പ്പെടുത്തിയ ഭാഷാ സാഹിത്യ പുരസ്‌കാരത്തില്‍ മികച്ച പ്രസാധകരായി കൈപ്പട ബുക്‌സ് തെരഞ്ഞെടുക്കപ്പെട്ടു. പുസ്തക പ്രസാധന രംഗത്ത് നടത്തിയ മുന്നേറ്റങ്ങളും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമാണ് കൈപ്പടയെ ഈ അംഗീകാരത്തിന് അര്‍ഹരാക്കിയത്.
പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം നവാഗത എഴുത്തുകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ ടീം കൈപ്പട നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി. മുരുകന്‍ കാട്ടാക്കട, റഫീഖ് അഹമ്മദ്, ആലങ്കോട് ലീലകൃഷ്ണന്‍, വി.ആര്‍. സുധീഷ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
25ന് കൊല്ലം പുനലൂരില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. കൈപ്പടയുടെ നേട്ടത്തില്‍ ഹൈറേഞ്ച് പ്രദേശം മുഴുവന്‍ സന്തോഷത്തിലാണ്.
2021 കേരളപ്പിറവി ദിനത്തില്‍ കട്ടപ്പന കേന്ദ്രമാക്കിയാണ് കൈപ്പട പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കൊച്ചി കേന്ദ്രമാക്കി മധ്യകേരളത്തിലും മലപ്പുറം കേന്ദ്രമാക്കി മലബാറിലും റീജണല്‍ ഓഫീസുകള്‍ ആരംഭിച്ചു. വിജയകരമായ ആറാം വയസ്സിലേക്ക് കടന്ന കൈപ്പട ബുക്‌സ് ഇതിനോടകം ഇരുന്നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിത, കഥ, നോവല്‍, അനുഭവക്കുറിപ്പ്, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ലേഖനം, ബാലസാഹിത്യം തുടങ്ങി വിവിധ സാഹിത്യവിഭാഗങ്ങളിലെ കൃതികളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം അവ വായനക്കാരിലേക്കെത്തിക്കുന്നതിനും കൈപ്പട പ്രത്യേക ശ്രദ്ധ നല്‍കുന്നു. പ്രമുഖ വിതരണ ശൃംഖലകളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലോകമെമ്പാടുമുള്ള വായനക്കാരിലേക്കും കൈപ്പടയുടെ പുസ്തകങ്ങള്‍ എത്തിച്ചേരുന്നു.






