സെൻസസ് 2027: ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സമാപിച്ചു
ഇന്ത്യൻ സെൻസസ് 2027ന്റെ രണ്ടാംഘട്ട വിവരശേഖരണത്തിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥർ, ചാർജ് ഓഫീസർമാർ, അഡീഷണൽ ചാർജ് ഓഫീസർമാർ എന്നിവർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലനം സമാപിച്ചു.
അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന രണ്ടാംഘട്ട സെൻസസിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം വ്യക്തികൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്.
40 ചോദ്യങ്ങളിലൂടെ വിവരശേഖരണം-സെൻസസിന്റെ രണ്ടാംഘട്ടത്തിൽ ആകെ 40 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. വ്യക്തിയുടെ പേര്, വയസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ആദ്യ മൂന്ന് ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് മുതൽ എട്ട് വരെയുള്ള ചോദ്യങ്ങൾ പൗരത്വം, വൈവാഹിക നില തുടങ്ങിയ വിവരങ്ങളുമായി ബന്ധപ്പെട്ടതാണ്. ജാതി, രക്ഷിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി തുടങ്ങിയവ ഒൻപത് മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഉൾപ്പെടുന്നു.
ഭാഷയും വിദ്യാഭ്യാസവും സംബന്ധിച്ച വിവരങ്ങളാണ് 14 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ആവശ്യപ്പെടുന്നത്. സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ 18 മുതൽ 25 വരെയുള്ള ചോദ്യങ്ങളിലുണ്ട്. കുടിയേറ്റം, ജനനസ്ഥലം, അവസാനമായി താമസിച്ച സ്ഥലം തുടങ്ങിയവ 26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ശേഖരിക്കുന്നത്.
കോവിഡ് വാക്സിനേഷൻ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അവസാന ഏഴ് ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വയം വിവരങ്ങൾ രേഖപ്പെടുത്താം
എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം ആരംഭിക്കുന്നതിന് മുമ്പുള്ള 15 ദിവസമാണ് സെൽഫ് എന്യൂമറേഷന് അവസരം ലഭിക്കുക. വെബ് പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തശേഷം വ്യക്തികൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കാം.
സെൽഫ് എന്യൂമറേഷൻ തിരഞ്ഞെടുക്കുന്നവർ രജിസ്ട്രേഷൻ സമയത്ത് ലഭിക്കുന്ന ഐഡി നമ്പർ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് കൈമാറണം. തുടർന്ന് എന്യൂമറേറ്റർമാർ സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കും. എന്യൂമറേറ്ററും ബന്ധപ്പെട്ട വ്യക്തിയും അംഗീകരിച്ചശേഷമാണ് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത്.
പോപ്പുലേഷൻ എന്യൂമറേഷൻ (പി.ഇ.) ആപ്പ് വഴിയാണ് എന്യൂമറേറ്റർമാർ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും വികസിപ്പിച്ചിട്ടുണ്ട്.ഇന്ത്യയിൽ ആരംഭിച്ചതിനുശേഷമുള്ള പതിനാറാമത്തെയും സ്വാതന്ത്ര്യാനന്തരമുള്ള എട്ടാമത്തെയും സെൻസസാണ് 2027ൽ നടക്കുന്നത്.


