വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധിയിൽ മാറ്റം; പുതിയ PUC നിയമങ്ങൾ ഇങ്ങനെ
BS മാനദണ്ഡവും വാഹനത്തിന്റെ പഴക്കവും പരിഗണിച്ച് കാലാവധി നിശ്ചയിക്കും; ചില വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ ഇളവ്
ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് (PUC) കാലാവധിയിൽ മാറ്റം വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. കേന്ദ്ര മോട്ടോർ വാഹന (പതിനാറാം ഭേദഗതി) ചട്ടങ്ങൾ, 2026 പ്രകാരമാണ് പുതിയ വ്യവസ്ഥകൾ. വാഹനത്തിന്റെ എമിഷൻ നിലവാരം (BS മാനദണ്ഡം), ആദ്യ രജിസ്ട്രേഷൻ മുതൽ കണക്കാക്കുന്ന പഴക്കം, സ്വകാര്യ–വാണിജ്യ വിഭാഗം എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
പുതിയ വ്യവസ്ഥ പ്രകാരം ആറു വർഷം വരെ പഴക്കമുള്ള BS-VI സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് വർഷമാണ് PUC സർട്ടിഫിക്കറ്റിന്റെ കാലാവധി. ആറു മുതൽ പത്ത് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരു വർഷവും പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ളവയ്ക്ക് ആറു മാസവുമാണ് കാലാവധി.
BS-VI വിഭാഗത്തിലുള്ള വാണിജ്യ, ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആറു വർഷം വരെ രണ്ട് വർഷമാണ് സർട്ടിഫിക്കറ്റ് കാലാവധി. ആറു മുതൽ പത്ത് വർഷം വരെ പഴക്കമുള്ളവയ്ക്ക് ഒരു വർഷവും പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ളവയ്ക്ക് ആറു മാസവുമാണ് കാലാവധി.
BS-IV വാഹനങ്ങൾക്ക് സ്വകാര്യ, വാണിജ്യ വ്യത്യാസമില്ലാതെ ആറു മാസവും BS-I, BS-II, BS-III വാഹനങ്ങൾക്ക് മൂന്നു മാസവുമാണ് പുതിയ കാലാവധി.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ നിലവിലുള്ള PUC സർട്ടിഫിക്കറ്റുകളുടെ കാലാവധി സ്വമേധയാ നീട്ടില്ല. അടുത്ത തവണ പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ മാത്രമേ പുതിയ കാലാവധി ലഭിക്കൂ. നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് പത്ത് ദിവസം മുമ്പ് പുതുക്കിയാൽ പുതിയ കാലാവധി പഴയ സർട്ടിഫിക്കറ്റിന്റെ അവസാന തീയതി മുതൽ കണക്കാക്കും. കാലാവധി കഴിഞ്ഞശേഷം പുതുക്കുകയാണെങ്കിൽ പരിശോധന നടത്തുന്ന തീയതി മുതലായിരിക്കും കാലാവധി.
BS-I മുതൽ BS-IV വരെയുള്ള വാഹനങ്ങളുടെ PUC കാലാവധിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന വ്യത്യാസങ്ങൾ ഒഴിവാക്കി രാജ്യവ്യാപകമായി ഏകീകൃത സംവിധാനം നടപ്പാക്കുന്നതും പുതിയ ഭേദഗതിയുടെ ലക്ഷ്യമാണ്.
സാധുവായ PUC സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമലംഘനമാണ്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 190(2) പ്രകാരം വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴയും മറ്റ് ശിക്ഷാനടപടികളും ലഭിക്കാം. ആദ്യ ലംഘനത്തിന് 10,000 രൂപ വരെ പിഴയും ഡ്രൈവിങ് ലൈസൻസ് അയോഗ്യതയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാഹന ഉടമകൾ സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽനിന്ന് PUC സർട്ടിഫിക്കറ്റ് പുതുക്കണം. സർട്ടിഫിക്കറ്റിന്റെ കാലാവധിയും വിവരങ്ങളും പരിവാഹൻ സംവിധാനത്തിൽ പരിശോധിക്കാനും കഴിയും. പുതിയ ഭേദഗതിയിലെ വ്യവസ്ഥകൾ അനുസരിച്ച് വാഹന ഉടമകൾ സർട്ടിഫിക്കറ്റ് പുതുക്കേണ്ട തീയതി ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.


