അങ്കണവാടി കുട്ടികൾക്കായി ഫൺ ഫിയസ്റ്റ സംഘടിപ്പിച്ചു
കട്ടച്ചിറ: മേരി മൗണ്ട് പബ്ലിക് സ്കൂളിന്റെയും ഏറ്റുമാനൂർ ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ അങ്കണവാടി കുട്ടികൾക്കായി ‘മേരി മൗണ്ട് – അങ്കണവാടി ഫൺ ഫിയസ്റ്റ’ സംഘടിപ്പിച്ചു. ഒക്ടോബർ 28ന് മേരി മൗണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കളറിംഗ്, വിനോദമത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തി.
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുക, വിനോദത്തിലൂടെ പഠനാനുഭവങ്ങൾ നൽകുക, സാമൂഹിക ഇടപെടലുകൾക്ക് അവസരമൊരുക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യങ്ങൾ.
സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിസി സെബാസ്റ്റ്യനും കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസർ ആഷാ മോൾ കെ.വിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ സി.ഡി.പി.ഒ. ഡോ. ആൻ ഡാർലി വർഗീസ്, വാർഡ് കൗൺസിലർ മാത്യു വാക്കത്തുമാലിൽ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ റവ. മദർ മോളി അഗസ്റ്റിൻ ചടങ്ങിൽ പങ്കെടുത്തു.വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
വിജയികൾക്ക് പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിസി സെബാസ്റ്റ്യനും സി.ഡി.പി.ഒ. ഡോ. ആൻ ഡാർലി വർഗീസും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.


