സിങ്കപ്പാറയിലേക്ക് വിനോദസഞ്ചാരികൾക്ക് താത്കാലിക വിലക്ക്; പ്രവേശനം തടഞ്ഞ് തമിഴ്നാട്
ഇടുക്കി: കൊളുക്കുമലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സിങ്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് താത്കാലികമായി വിലക്കി. പ്രദേശത്ത് തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, കൊളുക്കുമലയിലേക്കുള്ള പ്രവേശനത്തിന് നിലവിൽ വിലക്കില്ല. സിങ്കപ്പാറയിലേക്കുള്ള പ്രവേശനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ടുമാസം മുമ്പ് സിങ്കപ്പാറയിൽ നിന്ന് ചാടി ഒരു യുവാവ് മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച മറ്റൊരു യുവാവ് തലകറങ്ങി കൊക്കയിലേക്ക് വീണെങ്കിലും സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്താനായി.
കേരള–തമിഴ്നാട് അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് സിങ്കപ്പാറ. വിഷയത്തിൽ കേരള പൊലീസ് ഇടപെട്ടതിനെ തുടർന്ന് പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് തമിഴ്നാട് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.





