ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ (ഒ.പി. മാഥൂർ) എത്തുമ്പോൾ രാജസ്ഥാനിൽനിന്ന് കേരളത്തിന്റെ മുഴുവൻസമയ ഗവർണർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 2004ൽ ടി.എൻ. ചതുർവേദി കേരളത്തിൽ താൽക്കാലിക ഗവർണർ ചുമതല വഹിച്ചിരുന്നു. നിലവിൽ സിക്കിം ഗവർണറായിരുന്ന മാഥൂർ വിദ്യാഭ്യാസം, പ്രതിരോധം, തീർഥാടനം എന്നീ മേഖലകളിലെ ഇടപെടലുകളിലൂടെയാണ് ശ്രദ്ധേയനായത്.
1952 ജനുവരി രണ്ടിന് രാജസ്ഥാനിലെ പാലി ജില്ലയിൽ ബെഡാൽ ഗ്രാമത്തിലാണ് മാഥൂർ ജനിച്ചത്. ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബി.എ. ബിരുദം നേടി. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവായിരുന്ന ഭൈരോൺ സിങ് ഷെഖാവത്തിന്റെ മാർഗനിർദേശത്തിൽ സാമൂഹിക, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ മാഥൂർ പിന്നീട് പാർട്ടിയുടെ സംസ്ഥാനതല നേതൃത്വത്തിലെത്തി. ബിജെപിയുടെ ഗുജറാത്ത് ഘടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
2016ൽ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി ബിജെപി അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 2024 ജൂലൈ 27നാണ് സിക്കിമിന്റെ ഗവർണറായി നിയമിതനായത്. സിക്കിമിൽ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിനൊപ്പം ഉന്നതവിദ്യാഭ്യാസം, നൈപുണ്യ വികസനം, വിദ്യാർഥി ഇടപെടൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
തീർഥാടന മേഖലയിലെ ഇടപെടലുകളും മാഥൂറിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച കൈലാസ് മാനസരോവർ യാത്രയുടെ ആദ്യ സംഘത്തെ 2025 ജൂണിൽ സിക്കിമിലെ നാഥു ലാ പാതയിലൂടെ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. അതിർത്തി മേഖലയിലെ സൈനികരുമായുള്ള ആശയവിനിമയത്തിനും അദ്ദേഹം പ്രാധാന്യം നൽകി. ദീപാവലി വേളയിൽ ഡോക്ക ലാ പാസിൽ വിന്യസിച്ചിരുന്ന കരസേനാംഗങ്ങൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടു.
സൈനിക ഉദ്യോഗസ്ഥരുമായി സംവദിക്കുകയും അതിർത്തി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്ത മാഥൂർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചാൻസലർ എന്ന നിലയിലും പ്രവർത്തിച്ചു. സർവകലാശാലകളിലെ ബിരുദദാന ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം ഉന്നതവിദ്യാഭ്യാസ പരിഷ്കരണം, വിദ്യാർഥികളുടെ പങ്കാളിത്തം, ഹിമാലയൻ മേഖലയിലെ നൈപുണ്യ വികസനം എന്നിവയ്ക്കും ഊന്നൽ നൽകി.
കേരളത്തിലെത്തുന്ന മാഥൂറിന് വിദ്യാഭ്യാസം, പ്രതിരോധം, തീർഥാടനം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ വിവിധ സാധ്യതകളുണ്ട്. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിലുള്ള ചുമതലകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിൽ ശ്രദ്ധേയമാകും.


