സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഏകജാലക സംവിധാനം വഴി ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 

ഇതുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചശേഷം റദ്ദായവര്‍ക്കും ജൂലൈ 27ന് വൈകുന്നേരം അഞ്ചുവരെ cap.mgu.ac.inല്‍ രജിസ്റ്റര്‍ ചെയ്യാം. 

ഒരു തവണ അപേക്ഷാ ഫീസ് അടച്ചവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. 

ഓൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്മെന്‍റിന് പരിഗണിക്കപ്പെടാതിരുന്നവര്‍ക്കും പ്രവേശനം റദ്ദായവർക്കും നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുകയും ഓപ്‌ഷനുകൾ പുതുതായി നൽകുകയും ചെയ്യാം.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും പുതിയതായി ഓപ്ഷന്‍ നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ പങ്കെടുക്കുകയും അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതിതയായി ലഭിക്കുന്ന അലോട്ട്മെന്‍റിലേക്ക് മാറണം. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും. 

പിജി സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ സ്വീകരിക്കും.