അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ
വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അപകട സ്ഥലത്തും ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ സമർപ്പിച്ചേക്കുമെന്നാണ് സൂചന.
അജിത് പവാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ബാരാമതിയിൽ നടക്കും. ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാൻ കോളേജിലേക്ക് കൊണ്ടുപോയി രാവിലെ 11ന് സംസ്കാരം നടത്തും.
അപകടത്തെ തുടർന്ന് ബാരാമതി വിമാനത്താവളത്തിലെ എടിസി പ്രവർത്തനം താൽക്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവിലുള്ള ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി.
ഇന്നലെ രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട ലിയർ ജെറ്റ്-45 വിമാനം റൺവേയ്ക്ക് സമീപം തകർന്നു വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തൽക്ഷണം മരിച്ചു. പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതിരുന്നതാണ് അപകടകാരണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.






