മലങ്കര മാർത്തോമ്മാ സഭയിൽ വികസന വാരാചരണത്തിന് തുടക്കം
കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ: ബിജു നൈനാൻ മരുതുക്കുന്നേൽ
മല്ലപ്പള്ളി: മലങ്കര മാർത്തോമ്മാ സഭയുടെ വികസന വിഭാഗമായ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 മുതൽ 26 വരെ ആചരിക്കുന്ന വികസന വാരാചരണത്തിന് തുടക്കമായി. കേന്ദ്രതല ഉദ്ഘാടനം മല്ലപ്പള്ളി പരിയാരം മാർത്തോമ്മാ പള്ളിയിൽ നടന്നു.
അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ ജോർജ് സഖറിയ പി., വികസനസംഘം ജനറൽ സെക്രട്ടറി റവ. ഷിബു ശാമുവേൽ, കേന്ദ്ര വൈസ് പ്രസിഡന്റ് മോഡി പി. ജോർജ്, ട്രഷറർ അഡ്വ. ബിനു വി. ഈപ്പൻ, ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ്, കേന്ദ്ര മാനേജിങ് കമ്മിറ്റി അംഗങ്ങളായ കുരുവിള മാത്യൂസ്, ജോസി കുര്യൻ, എം.എസ്. റോയി, കോര കുര്യൻ, റവ. സജു ശാമുവേൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സഭയുടെ ദൗത്യമുഖമാണ് വികസനസംഘമെന്നും ആത്മീയതയിൽ അധിഷ്ഠിതമായ വികസന പ്രവർത്തനങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയെന്നും അധ്യക്ഷപ്രസംഗത്തിൽ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തുപിടിക്കുന്നതാണ് യഥാർഥ വികസനമെന്നും വിശപ്പില്ലാത്ത നാടാണ് യഥാർഥ വികസനത്തിന്റെ അടയാളമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ പറഞ്ഞു.





