തൊടുപുഴ നഗരസഭയിൽ ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ ഇനി പ്രശ്നമല്ല; ആക്രി ആപ്പ് വഴി ശേഖരണം വിപുലീകരിക്കുന്നു.
തൊടുപുഴ: ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിനും ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുന്നതിനുമായി ആക്രി ആപ്പ് മുഖേനയുള്ള മാലിന്യ ശേഖരണ സംവിധാനം വിപുലീകരിച്ച് തൊടുപുഴ നഗരസഭ.
നവംബർ മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മാസത്തിൽ രണ്ടുതവണ മാലിന്യങ്ങൾ ശേഖരിക്കും.നിലവിൽ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ശേഖരണം നടത്തുന്നത്.
ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് സർക്കാർ അംഗീകൃത സ്ഥാപനമായ കെ.ഇ.ഐ.എൽ (KEIL) മുഖേന ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. വീടുകൾ, ഫ്ലാറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽനിന്നും നഗരസഭ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽനിന്നും നിശ്ചിത യൂസർ ഫീ ഈടാക്കിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. ശേഖരണ കേന്ദ്രങ്ങളിൽ വ്യത്യസ്ത സമയക്രമങ്ങളിലായിരിക്കും സേവനം ലഭ്യമാകുക.
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ എന്നിങ്ങനെ നാലായി തരംതിരിച്ച് ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്ന രീതിയാണ് നഗരസഭ നടപ്പാക്കുന്നത്. ജൈവമാലിന്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. പ്ലാസ്റ്റിക്, ചില്ലുകുപ്പികൾ, ലെതർ, തെർമോകോൾ തുടങ്ങിയ അജൈവമാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും ഹരിതകർമസേന മുഖേന ശേഖരിച്ച് സംസ്കരിക്കുന്നുണ്ട്.
എന്നാൽ ഡയപ്പർ, സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. പൊതുവഴികൾ, റോഡരികുകൾ, തോടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മഴവെള്ളത്തിലൂടെ മാലിന്യങ്ങൾ ഓടകളിലേക്കും നീർച്ചാലുകളിലേക്കും പുഴകളിലേക്കും എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിനും സാംക്രമിക രോഗസാധ്യത വർധിക്കുന്നതിനും ഇടയാക്കും. പുതിയ സംവിധാനം ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
കുഞ്ഞുങ്ങളുള്ള വീടുകൾ, കിടപ്പുരോഗികളുള്ള കുടുംബങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷനുകൾ എന്നിവ പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അഭ്യർഥിച്ചു. മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ വേർതിരിച്ച് അംഗീകൃത സംവിധാനങ്ങളിലൂടെ സംസ്കരിക്കുന്നതിന് പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും അവർ പറഞ്ഞു.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ 326 സി വകുപ്പ് പ്രകാരം ഉൽപ്പാദിപ്പിക്കുന്ന സാനിറ്ററി മാലിന്യങ്ങൾ നഗരസഭ ചുമതലപ്പെടുത്തിയ ഏജൻസിക്ക് യൂസർ ഫീ നൽകി കൈമാറേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് നഗരസഭ സെക്രട്ടറി അൻസൽ ഐസക് അറിയിച്ചു. വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ 1,000 രൂപയിൽ കുറയാത്തതും 10,000 രൂപയിൽ കവിയാത്തതുമായ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യമുക്ത തൊടുപുഴ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.


