പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് സമർപ്പിച്ചതിന് പിന്നാലെ നിലവിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്ര സർക്കാർ നൽകി.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി സിജെപിയും പ്രതിപക്ഷവും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ രാജി. ആദ്യം പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്ന കേന്ദ്ര സർക്കാർ, പ്രക്ഷോഭം ശക്തമായതോടെ നിലപാട് മാറ്റുകയായിരുന്നു.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെ കൊണ്ട് നിറയ്ക്കുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. നാളെ വൈകിട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചും 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാർ ധർമേന്ദ്ര പ്രധാന്റെ രാജി അംഗീകരിക്കുകയും പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകുകയും ചെയ്തത്.




