ഇ.എസ്.എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം: ജോസ് കെ. മാണി
ഈരാറ്റുപേട്ട: പരിസ്ഥിതിലോല മേഖലയുടെ (ഇ.എസ്.എ) പരിധി വനത്തിനുള്ളിൽ പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. ആവശ്യപ്പെട്ടു. ഇ.എസ്.എ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 54 ശതമാനത്തിലധികം വൃക്ഷാവരണമുണ്ടെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. ബഫർ സോൺ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണമെന്ന ആവശ്യം ആദ്യം ഉന്നയിക്കുകയും ഇതുസംബന്ധിച്ച പഠന റിപ്പോർട്ടുകൾ കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കുകയും ചെയ്തത് കേരള കോൺഗ്രസ് (എം) ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇ.എസ്.എ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും രാഷ്ട്രീയഭേദമന്യേ എല്ലാ കക്ഷികളും വിഷയത്തിൽ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐ.ആറിലൂടെ രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും പ്രളയബാധിതർക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകാത്ത യു.ഡി.എഫ് സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എമാരായ സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, സഖറിയാസ് കുതിരവേലി, സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി, ജോസ് ടോം, ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, നിർമ്മല ജിമ്മി, സാജൻ കുന്നത്ത്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ കെ. അലക്സ്, സോജൻ ആലക്കുളം, ജാൻസ് വയലിക്കുന്നേൽ, പി.എം. മാത്യു, ജോണിക്കുട്ടി മടത്തിനകം, മാത്തുക്കുട്ടി കുഴിഞ്ഞാലി, ബിനോ ജോൺ, സാജൻ തൊടുക, ഡയസ് കോക്കാട്ട്, ആൻസി ജോസഫ്, അമ്മിണി തോമസ്, ജെയിംസ് വലിയവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഈരാറ്റുപേട്ട നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി കർഷകർ പങ്കെടുത്തു.


