ശബരിമല തീർഥാടനം: സത്രത്തിൽ വിരിവെക്കാൻ സൗകര്യമുണ്ടാകില്ല; വാളാർഡിയിൽ വിപുലമായ ക്രമീകരണങ്ങൾ
വണ്ടിപ്പെരിയാർ: ശബരിമലയിലേക്കുള്ള പരമ്പരാഗത സത്രം–പുല്ലുമേട് കാനനപാതയിലെ സത്രത്തിൽ ഇത്തവണ തീർഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ടാകില്ല. പകരം വണ്ടിപ്പെരിയാർ വാളാർഡി എസ്റ്റേറ്റിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ കേരള–തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം തീരുമാനിച്ചു.
സത്രം–പുല്ലുമേട് പാതയിലൂടെ ആയിരക്കണക്കിന് തീർഥാടകരാണ് ശബരിമലയിലെത്തുന്നതും മടങ്ങുന്നതും. തിരക്കേറുമ്പോൾ സത്രത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിരിവെക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ തീരുമാനം. കഴിഞ്ഞ വർഷം മുതൽ വാളാർഡി എസ്റ്റേറ്റിൽ പാർക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ഓൺലൈൻ ബുക്കിങ് സൗകര്യവും ഇവിടെ ലഭ്യമാക്കും.
പളനി, ദിണ്ടിഗൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും. പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ നവംബർ 10-നകം പൂർത്തിയാക്കാനും വിവിധയിടങ്ങളിൽ ആവശ്യമായ ശൗചാലയങ്ങൾ ഒരുക്കാനും നിർദേശം നൽകി. സത്രത്തിനും പുല്ലുമേടിനുമിടയിൽ വനംവകുപ്പ് മൂന്ന് ഇക്കോ ഷോപ്പുകൾ തുറക്കും.
വന്യമൃഗ ആക്രമണം തടയാൻ ആറംഗ റാപ്പിഡ് റെസ്‌പോൺസ് ടീമിനു പുറമേ പുല്ലുമേട്–സന്നിധാനം പാതയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം നിയോഗിക്കും. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും. മോട്ടോർ വാഹന വകുപ്പിന്റെ ആറ് സംഘങ്ങൾ 24 മണിക്കൂറും പട്രോളിങ് നടത്തും.
ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ വാട്ടർ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യും. ലഹരിയുടെ ഉപയോഗം തടയാൻ എക്സൈസ് വകുപ്പും പരിശോധനകൾ ശക്തമാക്കും. തീർഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ തമിഴ്നാട്ടിൽ പ്രചരിപ്പിക്കുമെന്ന് തേനി ജില്ലാ കളക്ടർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരംഭിക്കും.ഇടുക്കി, തേനി ജില്ലാ കളക്ടർമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


