ശുചീകരണ തൊഴിലാളികൾക്ക് ഏകദിന പരിശീലനം നൽകി
കട്ടപ്പന: ശുചീകരണ തൊഴിലാളികളുടെ അറിവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനായി കട്ടപ്പന നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.
ശാസ്ത്രീയ മാലിന്യ പരിപാലനം, തൊഴിൽ-ആരോഗ്യ സുരക്ഷ, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നഗരത്തെ വൃത്തിയായി നിലനിർത്തുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ ശുചീകരണ തൊഴിലാളികൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ തൊഴിൽ അന്തസ് ഉയർത്തുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ് ഡി. എന്നിവർ സംസാരിച്ചു.
കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രതിനിധികളായ സാലിഹ ഇ. എം., അജിത് കെ. കെ. എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.


