ഏറ്റുമാനൂർ ഇടത്താവളത്തിൽ തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ; യോഗം ചേർന്നു
ഏറ്റുമാനൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി നാട്ടകം സുരേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.
പോലീസ്, എക്സൈസ്, റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ ഏറ്റുമാനൂർ ഇടത്താവളത്തിൽ പ്രവർത്തിക്കും. ക്ഷേത്രപരിസരത്തെ വാഹന പാർക്കിങ് സുഗമമാക്കുക, മേഖലയിലെ വഴിവിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തീർഥാടകർക്കായി ആവശ്യമായ ശൗചാലയങ്ങൾ സജ്ജീകരിക്കുക തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുത്തു. വിവിധ ഭാഷകളിലുള്ള അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും നിർദേശിച്ചു.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷൻ ടോമി കുരുവിള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, ആർഡിഒ നിജു കുര്യൻ, കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ദേവസ്വം ഭാരവാഹികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


