കുട്ടികളുടെ പാസ്പോർട്ട് കാലാവധിയിൽ മാറ്റം; 15 വയസ്സിന് താഴെയുള്ളവർക്ക് ഇനി അഞ്ച് വർഷം
കുട്ടികളുടെ പാസ്പോർട്ട് കാലാവധിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 15ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു.
പാസ്പോർട്ട് റൂൾസ് 1980 ഭേദഗതി ചെയ്താണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ കാലാവധി അഞ്ച് വർഷമോ കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെയോ ആയിരിക്കും. ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അതായിരിക്കും പാസ്പോർട്ടിന്റെ കാലാവധി.
15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് 10 വർഷത്തെ കാലാവധിയുള്ള പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള അവസരം തുടരും.
പാസ്പോർട്ട് ഫീസിലും വർധന
ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പുതുക്കിയ പാസ്പോർട്ട് ഫീസ് നിലവിൽ വന്നിരുന്നു. പുതിയ നിരക്കനുസരിച്ച് മുതിർന്നവരുടെ 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ ഫീസ് ₹1,500ൽ നിന്ന് ₹2,500 ആയി. 60 പേജുള്ള പാസ്പോർട്ടിന്റെ ഫീസ് ₹2,000ൽ നിന്ന് ₹3,500 ആയും ഉയർത്തി.
തത്കാൽ സേവനത്തിനും നിരക്ക് വർധിച്ചിട്ടുണ്ട്. 36 പേജുള്ള തത്കാൽ പാസ്പോർട്ടിന് ₹5,000യും 60 പേജുള്ളതിന് ₹6,000യുമാണ് പുതിയ ഫീസ്. 60 പേജുള്ള പാസ്പോർട്ട് തത്കാൽ റീ-ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ് ₹5,500ൽ നിന്ന് ₹8,500 ആയും ഉയർത്തി.
കുട്ടികളുടെ 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ ഫീസ് ₹1,000ൽ നിന്ന് ₹1,750 ആയി വർധിപ്പിച്ചു. കുട്ടികളുടെ തത്കാൽ പാസ്പോർട്ടിന് ₹3,000 ആണ് ഫീസ്.
10 ശതമാനം ഇളവ് തുടരും
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്ന എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും അടിസ്ഥാന ഫീസിൽ 10 ശതമാനം ഇളവ് തുടരും. എന്നാൽ പാസ്പോർട്ട് പുതുക്കുന്നതിനുള്ള (Reissue) അപേക്ഷകൾക്ക് ഈ ഇളവ് ലഭിക്കില്ല.
പുതിയ അപേക്ഷകൾ, പാസ്പോർട്ട് പുതുക്കൽ, തത്കാൽ സേവനം, നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോർട്ടിന് പകരം പുതിയ പാസ്പോർട്ട് എടുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) തുടങ്ങിയ സേവനങ്ങൾക്കെല്ലാം പുതുക്കിയ ഫീസ് ബാധകമാണ്.
രാജ്യത്തുടനീളമുള്ള പാസ്പോർട്ട് അപേക്ഷകർക്ക് കൂടുതൽ വ്യക്തത നൽകുന്നതിനായാണ് പാസ്പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


