ചെമ്മണ്ണാർ ആട്ടുപാറയിൽ തോട്ടം തൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ചെമ്മണ്ണാർ: ആട്ടുപാറയിലെ ഏലത്തോട്ടത്തിലെ കുളത്തിൽ തമിഴ്നാട് സ്വദേശിയായ തോട്ടം തൊഴിലാളിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആട്ടുപാറ കെ.ആർ. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കണ്ണൻ എന്ന ദുരൈ (47) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴര മുതൽ കണ്ണനെ കാണാതായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ എസ്റ്റേറ്റിലെ കുളത്തിന് സമീപം ഇയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയതോടെയാണ് കുളത്തിൽ വീണിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്.
നാട്ടുകാർ ഉടുമ്പൻചോല പൊലീസിനെയും നെടുങ്കണ്ടം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. തുടർന്ന് നെടുങ്കണ്ടം ഫയർഫോഴ്സും കട്ടപ്പനയിലെ സ്കൂബാ ടീം അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.





