സെപ്റ്റംബർ 11ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഒക്ടോബർ മുതൽ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സെപ്റ്റംബർ 11ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഒക്ടോബർ മുതൽ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. സെപ്റ്റംബർ 11ന് സൂചനാ പണിമുടക്കും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്കും നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും നീങ്ങുമെന്ന് മുന്നറിയിപ്പുണ്ട്.

അഞ്ചുദിവസ ബാങ്കിങ് ആഴ്ച നടപ്പാക്കുക, പ്രകടനാധിഷ്ഠിത ഇൻസെന്റീവ് പദ്ധതിയായ PLIയിലെ വിവേചനങ്ങൾ പരിഹരിക്കുക, പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.

2024 മാർച്ച് 8ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) ബാങ്ക് ജീവനക്കാരുടെ സംഘടനകളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ദിവസേന 40 മിനിറ്റ് പ്രവൃത്തിസമയം വർധിപ്പിച്ച് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കാൻ ധാരണയായിരുന്നു. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരുടെ സംഘടനകളെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് വിശദീകരണം.

സെപ്റ്റംബർ 11ലെ പണിമുടക്കിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ അവധിയും വരുന്നതിനാൽ രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ തുടർച്ചയായ ദിവസങ്ങളിൽ സമരം ബാധിച്ചേക്കും. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് UFBU തീരുമാനം.

Slide 1
Slide 2
Slide 3
Slide 4