എൽപിജി സിലിണ്ടർ ഇനി 25 ദിവസത്തിലൊരിക്കൽ ബുക്ക് ചെയ്യാം; ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്
രാജ്യത്തെ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതക സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാം. ഗ്രാമീണ മേഖലകളിൽ നിലവിലുണ്ടായിരുന്ന 45 ദിവസത്തെ ബുക്കിങ് നിയന്ത്രണം കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഒഴിവാക്കി.
പുതിയ തീരുമാനത്തോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിലുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് ഗ്രാമീണ മേഖലകളിൽ 45 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും സിലിണ്ടർ ലഭിക്കുന്നതിനുള്ള ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്.
എണ്ണക്കമ്പനികൾക്ക് മന്ത്രാലയം നൽകിയ കത്തിന്റെ പകർപ്പ് പങ്കുവെച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.





