സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ലഭിക്കുന്നതോടെ ഉയർന്ന ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, മഴയെത്തുന്നതോടെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിലെ കുറവ് തുടരുകയാണ്. നിലവിൽ ഏകദേശം 800 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വിവിധയിടങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയിരുന്നു.





