കട്ടപ്പന ടൗണിൽ ‘പുകയില കേന്ദ്രങ്ങൾ’ ഒഴിപ്പിച്ചു; പച്ചകുത്ത് കേന്ദ്രങ്ങൾക്കും പൂട്ട്
ടൗണിലെ പൊതുവഴി കൈയേറി പ്രവർത്തിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാര കേന്ദ്രങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം ഒഴിപ്പിച്ചു.
കട്ടപ്പന: ടൗണിലെ പൊതുവഴി കൈയേറി പ്രവർത്തിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാര കേന്ദ്രങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം ഒഴിപ്പിച്ചു. പരിശോധനയിൽ നിരോധിത പച്ചകുത്ത് കേന്ദ്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഇവയും നീക്കം ചെയ്തു.
ഞായറാഴ്ചകളിൽ കട്ടപ്പന ടൗണിൽ അതിഥി തൊഴിലാളികളുടെ വലിയ സാന്നിധ്യമുണ്ടാകുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. അതിഥി തൊഴിലാളികൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളും സംഘർഷങ്ങളും പലപ്പോഴും പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
ഒരു മാസം മുമ്പ് നഗരസഭ, പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി നീക്കം ചെയ്ത നിരോധിത പുകയില ഉത്പന്ന വിതരണ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പൊതുവഴി കൈയേറി പ്രവർത്തിച്ചിരുന്ന ഇത്തരം കേന്ദ്രങ്ങളാണ് ഇപ്പോൾ ഒഴിപ്പിച്ചത്.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.





