കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടം 13 മുതൽ അടച്ചിടും; ദീർഘദൂര ബസുകൾക്കും പ്രവേശനമില്ല

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടം 13 മുതൽ അടച്ചിടും; ദീർഘദൂര ബസുകൾക്കും പ്രവേശനമില്ല

കാഞ്ഞിരപ്പള്ളി: റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന കവാടം 13 മുതൽ 21 ദിവസത്തേക്ക് അടച്ചിടും. ഈ കാലയളവിൽ കോട്ടയം, കുമളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾക്കും സ്റ്റാൻഡിൽ പ്രവേശനം അനുവദിക്കില്ല.

ഒരു വർഷത്തിലേറെയായി തകർന്നുകിടക്കുന്ന ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനാണ് കവാടം അടയ്ക്കുന്നത്. പദ്ധതിക്കായി പഞ്ചായത്ത് പ്രാഥമികമായി ആറുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുണ്ടക്കയം, എരുമേലി ഭാഗങ്ങളിലേക്കുള്ള ബസുകൾ സിവിൽ സ്റ്റേഷന് മുന്നിലും കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ എസ്.എം. ടെക്സ്റ്റൈൽസിന് സമീപവും നിർത്തി യാത്രക്കാരെ കയറ്റിയിറക്കും.

ഈരാറ്റുപേട്ട, ഇടക്കുന്നം, ചേനപ്പാടി, മണിമല, തമ്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാം. ഇവ സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോകുന്ന അതേ വഴിയിലൂടെ പ്രവേശിക്കുകയും വേണം. റോഡ് നവീകരണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളോട് യാത്രക്കാരും പൊതുജനങ്ങളും ബസ് ജീവനക്കാരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അഭ്യർഥിച്ചു. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി കോൺക്രീറ്റിങ് അനിവാര്യമാണെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.