കോട്ടയം വെന്തുരുകുന്നു; യു.വി. ഇൻഡക്സ് അപകടനിലയിൽ
കോട്ടയം: അസാധാരണമായ ചൂടിനൊപ്പം അൾട്രാവയലറ്റ് (യു.വി.) വികിരണത്തോതും അപകടകരമായ നിലയിലേക്ക് ഉയരുന്നു. ചങ്ങനാശേരിയിൽ ഇന്നലെ യു.വി. ഇൻഡക്സ് 10 രേഖപ്പെടുത്തി.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽച്ചൂട് ശക്തമാകുന്ന സമയത്ത് സാധാരണയായി പരമാവധി 8 വരെ എത്താറുള്ള യു.വി. ഇൻഡക്‌സാണ് സെപ്റ്റംബർ തുടക്കത്തിൽ തന്നെ 10ലെത്തിയത്. സംസ്ഥാനത്ത് ആലപ്പുഴയ്ക്കും ഇടുക്കിയിലെ മൂന്നാറിനുമൊപ്പം ചങ്ങനാശേരിയിലും യു.വി. ഇൻഡക്സ് 10 രേഖപ്പെടുത്തി.
അൾട്രാവയലറ്റ് റേഡിയോമീറ്ററുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.വി. ഇൻഡക്സ് കണക്കാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അൾട്രാവയലറ്റ് റേഡിയോമീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ചങ്ങനാശേരിയിലാണ് മീറ്റർ സ്ഥാപിച്ചിട്ടുള്ളത്.
🚨 11 എത്തിയാൽ റെഡ് അലർട്ട്
നിലവിൽ യു.വി. ഇൻഡക്സ് ഓറഞ്ച് അലർട്ട് നിലയിലാണ്. 11ൽ എത്തിയാൽ റെഡ് അലർട്ടാകും.
0–5: മനുഷ്യർക്ക് കാര്യമായ ഹാനികരമല്ലാത്ത തോത്
6–7: മഞ്ഞ അലർട്ട്
8–10: ഓറഞ്ച് അലർട്ട്
11 മുതൽ: റെഡ് അലർട്ട്
അമിതമായി അൾട്രാവയലറ്റ് വികിരണം ഏൽക്കുന്നത് സൂര്യാഘാതം, ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
🛡️ ജാഗ്രത പാലിക്കാം
പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ശുദ്ധജലം ധാരാളമായി കുടിക്കുകയും മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുകയും വേണം.
പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ, ചെരുപ്പ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.





