പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: കടുത്ത നിയമനടപടികൾക്ക് കേന്ദ്രം; ഇന്ന് മന്ത്രിസഭയിൽ നിർണായക തീരുമാനം
വ്യാഴാഴ്ച രാത്രി 11:52 ഓടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെ, കുറ്റക്കാർക്കെതിരെ കൂടുതൽ കർശന നിയമനടപടികളും പ്രതിരോധ സംവിധാനങ്ങളും പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പരീക്ഷാ തിരിമറികൾ പൂർണമായി തടയുന്നതിനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി അർധരാത്രിയിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്നും ഇത്തരം തട്ടിപ്പുകൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാതെ ദേശീയ പ്രാധാന്യമുള്ള വിഷയമായി കാണണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തമായ നിയമം കൊണ്ടുവരുന്നതിനുള്ള പുതിയ ബില്ലിന്റെ കരട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിച്ച് അംഗീകരിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കുറ്റക്കാർക്ക് കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ആഴ്ച ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെ ബിൽ സഭയിൽ അവതരിപ്പിക്കുമെന്നും എത്രയും വേഗം ഇരുസഭകളുടെയും അംഗീകാരം നേടാൻ സർക്കാർ ശ്രമിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പരീക്ഷാ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന സംഭവമാണെന്നും തട്ടിപ്പുകാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ അംഗങ്ങളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബില്ലിന് അന്തിമരൂപം നൽകുമെന്നും യുവാക്കളുടെ ഭാവിയുമായി കളിക്കുന്നവരെ ഒരിക്കലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.




