കട്ടപ്പനയിൽ വൻ പ്ലാസ്റ്റിക് വേട്ട: 450 കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
കട്ടപ്പന: സർക്കാർ നിരോധനം കാറ്റിൽപ്പറത്തി കട്ടപ്പനയിൽ വ്യാപകമായി വിറ്റഴിച്ച 450 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. സാഗര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്ലാസ്റ്റിക് കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ എന്നിവ കണ്ടെടുത്തത്.ചെറുകിട കടകളിൽ നിന്ന് വൻകിട ഗോഡൗണിലേക്ക്ടൗണിലെ പല കടകളിലും ഉപഭോക്താക്കൾക്ക് നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. തുടർന്ന് ചെറുകിട കടകളിൽ പരിശോധന നടത്തിയപ്പോഴാണ് ടൗണിലെ നാലോളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നാണ് ഇവ വിതരണം ചെയ്യുന്നതെന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഈ സ്ഥാപനങ്ങൾ നിരീക്ഷണത്തിലാക്കുകയും സാഗര ജംഗ്ഷനിലെ കേന്ദ്രത്തിൽ നേരിട്ടെത്തി റെയ്ഡ് നടത്തുകയുമായിരുന്നു.
നടപടി കടുപ്പിച്ച് നഗരസഭ
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം:
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്ക് വൻതുക പിഴ ചുമത്തും.മുമ്പ് പിഴ അടച്ചിട്ടും വീണ്ടും നിയമലംഘനം തുടരുന്ന കടകളുടെ ലൈസൻസ് റദ്ദാക്കും.ആവർത്തിച്ച് കുറ്റം ചെയ്യുന്ന വ്യാപാരികൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ജില്ലാതലത്തിൽ നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.





