ഇടുക്കി ആനക്കുളത്ത് മകനെ പിതാവ് അടിച്ചുകൊന്നു; പിതാവ് വിഷം കഴിച്ച നിലയിൽ
ആനക്കുളം: ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ജസ്റ്റിൻ പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാൽ മാതാപിതാക്കൾ ഭയന്ന് ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജോയ് ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
സംഭവത്തിനുശേഷം ജോയ് ജോസഫ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





