വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണം; ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംസ്ഥാനതല പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
വയോജനങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികൾ, ദൈനംദിന ജീവിതസാഹചര്യങ്ങൾ എന്നിവ വിലയിരുത്തുന്നതിനൊപ്പം സാമൂഹ്യസുരക്ഷാ പദ്ധതികളുടെയും വിവിധ സേവനങ്ങളുടെയും ലഭ്യതയിൽ നിലനിൽക്കുന്ന കുറവുകൾ കണ്ടെത്തുകയാണ് വിവരശേഖരണത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി വയോജന ക്ഷേമ വകുപ്പും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും (സി.എം.ഡി) ചേർന്നാണ് വിവരശേഖരണം നടത്തുന്നത്.
വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ്., മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ ഡ്യൂട്ടി സെക്രട്ടറി എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്., സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ ഐ.എ.എസ്., സി.എം.ഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





