റാന്നി ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവം; താൽക്കാലിക ശാന്തിക്കാരനെ പിരിച്ചുവിട്ടു, സബ് ഗ്രൂപ്പ് ഓഫീസർക്ക് സസ്‌പെൻഷൻ
റാന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള റാന്നി ഭഗവതിക്കുന്ന് ക്ഷേത്ര പരിസരത്തെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ നടപടി. ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരൻ അഭിജിത് എ. നായരെ പിരിച്ചുവിട്ടു. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എൽ. രാധാകൃഷ്ണനെ ബോർഡ് സസ്‌പെൻഡ് ചെയ്തു.
അയൽവാസിയുടെ വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതിന് ജില്ലാ കളക്ടർ നൽകിയ അനുമതിയുടെ മറവിലാണ് തേക്ക്, ആഞ്ഞിലി, വട്ട തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയതെന്നാണ് ആരോപണം. ഒന്നരലക്ഷത്തിലധികം രൂപയുടെ മരങ്ങളാണ് ഇത്തരത്തിൽ മുറിച്ചുകടത്തിയതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഉൾപ്പെടെയുള്ളവർ ഇടപെട്ടു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹൈക്കോടതിയെയും ധരിപ്പിച്ചതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.
മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണവും ശക്തമാക്കും. പ്രതികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.





