സാഹോദര്യത്തിന്റെ സന്ദേശം ലോകം ഏറ്റെടുക്കണം: ബിജു മാധവൻ
കട്ടപ്പന: ഇന്നത്തെ ലോകസാഹചര്യത്തിൽ മനുഷ്യർ തമ്മിൽ അകന്നുപോകുന്ന പ്രവണത വർധിച്ചുവരികയാണെന്നും, യാതൊരു ഭേദചിന്തകളുമില്ലാതെ മാനവകുലം ഒന്നായി പുലരാൻ സാഹോദര്യത്തിന്റെ മഹാമന്ത്രം ഓതിയ ഗുരുദേവന്റെ സന്ദേശം ലോകജനത ഏറ്റെടുക്കണമെന്നും എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു.
കട്ടപ്പന, കട്ടപ്പന നോർത്ത്, വെള്ളയാംകുടി, പുളിയൻമല, കൊച്ചുതോവാള ശാഖകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത ഗുരുദേവ ജയന്തി ദിനാഘോഷ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഏകലോകം, മനുഷ്യസ്നേഹം, സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ഗുരുദേവൻ മതാതീതമായ വളർച്ചയാണ് മനുഷ്യരാശിക്ക് ഉണ്ടാകേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് പറഞ്ഞു. ലോകത്തുള്ള എല്ലാവർക്കും നന്മയുണ്ടാകണമെന്ന ഗുരുദേവ സന്ദേശം ജീവിതവ്രതമായി ഏറ്റെടുത്ത് അതിനായുള്ള പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കോളർഷിപ്പ് വിതരണം കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ എന്നിവർ സംസാരിച്ചു.
എ. കുഞ്ഞൻ സ്മാരക സ്കോളർഷിപ്പ് മുൻ യൂണിയൻ സെക്രട്ടറി കെ. ശശിധരൻ വിതരണം ചെയ്തു.
കൗൺസിലർമാരായ പി.കെ. രാജൻ, യൂണിയൻ വൈദികയോഗം പ്രസിഡന്റ് സോജു ശാന്തി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുബീഷ് ശാന്തി, യൂണിയൻ കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ.ബി., യൂണിയൻ സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ പങ്കെടുത്തു.
ശാഖായോഗം നേതാക്കളായ മനോജ് പതാലിൽ സ്വാഗതം പറഞ്ഞു. സജീന്ദ്രൻ പൂവാങ്കൽ, സന്തോഷ്കുമാർ പാതയിൽ, സുരേഷ് ബാബു, പി.ഡി. ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ. സന്തോഷ്, എം.ആർ. ജയൻ, അജേഷ് സി.എസ്. എന്നിവർ ആശംസകൾ നേർന്നു. പ്രവീൺ വട്ടമല നന്ദി രേഖപ്പെടുത്തി.





