ബ്രൂണൈയിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെന്ന വിവരത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തി ബ്രൂണൈയിൽ കഴിയുന്നുവെന്ന മാധ്യമവാർത്തകളെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.
ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. ബ്രൂണൈയിൽ ഇൻഡോ–മലേഷ്യൻ വംശജനെന്ന വ്യാജേന സുകുമാരക്കുറുപ്പ് നിർമാണമേഖലയിൽ ജോലി ചെയ്യുകയാണെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ വെളിപ്പെടുത്തിയിരുന്നു.
ബ്രൂണൈയിലുള്ള സംശയിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യമെങ്കിൽ കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടും. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശം.
ബ്രൂണൈയിൽ നിന്നുള്ള വ്യക്തിയുടെ ചിത്രങ്ങളോ ലഭിച്ച വിവരങ്ങളോ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.





