ശബരിമലയിലെ കടകളിൽ പരിശോധന; ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷം രൂപ പിഴ
കൂടുതൽ നിയമലംഘനങ്ങൾ ഹോട്ടലുകളിലെ ശുചിത്വവുമായി ബന്ധപ്പെട്ട്; 29 കേസുകളിൽ നടപടി
മണ്ഡല-മകരവിളക്ക് തീർഥാടനകാലം ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിലെ സന്നിധാനത്തും പരിസരങ്ങളിലുമുള്ള കടകളിൽ നടത്തിയ പരിശോധനയിൽ 29 കേസുകളിലായി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തദ്ദേശസ്വയംഭരണം, റവന്യൂ, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംയുക്ത സംഘമാണ് രാത്രിയിലും പരിശോധന നടത്തുന്നത്.
ഹോട്ടലുകളിലെ ശുചിത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് പരിശോധനയിൽ കൂടുതലായി കണ്ടെത്തിയത്. ജീവനക്കാർ കൈയുറകളും തലമുടി മറയ്ക്കാനുള്ള ക്യാപ്പുകളും ധരിക്കാതിരിക്കുക, അടുക്കളയിലെ വൃത്തിഹീനമായ സാഹചര്യം തുടങ്ങിയവയാണ് പ്രധാന വീഴ്ചകൾ. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതും അളവിലും തൂക്കത്തിലും കുറവ് വരുത്തി വിൽക്കുന്നതും കർശനമായി പരിശോധിക്കുന്നുണ്ട്.
ലീഗൽ മെട്രോളജി നിയമപ്രകാരം 16 രൂപ വിലയുള്ള ചായയ്ക്ക് 120 മില്ലിലിറ്ററും 18 രൂപയുടെ പരിപ്പുവടയ്ക്ക് 18 ഗ്രാമും 62 രൂപയുടെ മസാലദോശയ്ക്ക് 200 ഗ്രാമും അളവ് നിർബന്ധമാണ്. നിശ്ചിത അളവിലും തൂക്കത്തിലും കുറവുവരുത്തി ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച സന്നിധാനത്തെ ഒരു ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ചീഞ്ഞ പഴവർഗങ്ങൾ പൂർണമായും ഉപേക്ഷിക്കണമെന്നും ചീഞ്ഞ ഭാഗം നീക്കിയശേഷം ശേഷിക്കുന്ന ഭാഗം ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കരുതെന്നും സ്ക്വാഡ് നിർദേശം നൽകിയിട്ടുണ്ട്.
മൂന്ന് സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. ഭക്ഷണശാലകളിലെത്തുന്ന ഉദ്യോഗസ്ഥർ തീർഥാടകരോട് നേരിട്ട് അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്.


