പി.ജെ. ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനം; മാണി സി. കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവി.ഇരുവർക്കും ക്യാബിനറ്റ് റാങ്ക് നൽകാൻ യു.ഡി.എഫിൽ ധാരണ
മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനും പാലാ എം.എൽ.എ മാണി സി. കാപ്പനും ക്യാബിനറ്റ് റാങ്കോടെ സുപ്രധാന പദവികൾ നൽകാൻ യു.ഡി.എഫ് നേതൃത്വത്തിൽ ധാരണയായതായി റിപ്പോർട്ടുകൾ. പി.ജെ. ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനായും മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനായും നിയമിക്കാനാണ് തീരുമാനം.
നിയമനങ്ങൾക്ക് മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്ന കേരള കോൺഗ്രസ് പിന്നീട് നടത്തിയ ചർച്ചകളിൽ ഒരു മന്ത്രിസ്ഥാനവും പി.ജെ. ജോസഫിന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവിയും നൽകാമെന്ന ധാരണയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു. മറ്റ് ഘടകകക്ഷി നേതാക്കൾക്ക് ക്യാബിനറ്റ് പദവികൾ ലഭിച്ചിട്ടും മുതിർന്ന നേതാവായ പി.ജെ. ജോസഫിനെ പരിഗണിക്കാത്തതിലുള്ള അതൃപ്തിയും ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
പുതിയ നിയമനത്തോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡ്, കോർപ്പറേഷൻ പദവികളുടെ എണ്ണം എട്ടായി ഉയരുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ഒഴിവിൽ പി.എസ്.സി അംഗത്വം നൽകാമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പുണ്ടായതായി സൂചനയുണ്ട്.
എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തപ്പോഴുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ അർഹമായ പരിഗണന വേണമെന്ന് മാണി സി. കാപ്പനും ആവശ്യപ്പെട്ടിരുന്നു.
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ അധ്യക്ഷന്മാരെയും അംഗങ്ങളെയും മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.


