കോട്ടയം ജില്ലയിൽ 85,277 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും; ജില്ലാതല ഉദ്ഘാടനം ഇന്ന്
കോട്ടയം: അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 22) രാവിലെ 10ന് കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായിരിക്കും. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ ദിനാചരണ സന്ദേശം നൽകും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലയിൽ 85,277 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി 1,122 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 35 ട്രാൻസിറ്റ് ബൂത്തുകളും നാല് മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും.
അഞ്ചു വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകണം. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കും.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളും അതിഥിത്തൊഴിലാളി ക്യാമ്പുകളിലെ മൊബൈൽ ബൂത്തുകളും നവംബർ 22, 23, 24 തീയതികളിൽ പ്രവർത്തിക്കും.
നവംബർ 23, 24 തീയതികളിൽ ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും വീടുകൾ സന്ദർശിച്ച് നവംബർ 22ന് തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾ ഉൾപ്പെടെ അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.


