പാറേൽ പള്ളി ലോകത്തിനു മുന്നിൽ കേരളത്തിന്റെ വിസ്മയമായി മാറും: മുഖ്യമന്ത്രി വി.ഡി. സതീശൻ
ചങ്ങനാശേരി: കേരളത്തിന്റെ വിസ്മയമായി പാറേൽ പള്ളി നൂറ്റാണ്ടുകളോളം നിലനിൽക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാറേൽ പള്ളിയിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളി നേരിൽ കണ്ടപ്പോൾ അദ്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാറേൽ ഇടവകയ്ക്കോ ചങ്ങനാശേരി അതിരൂപതയ്ക്കോ മാത്രമായി പരിമിതപ്പെടുത്തേണ്ട നിർമിതിയല്ല ഇത്. ലോകത്തിനു മുന്നിൽ കേരളത്തിന് അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന വിസ്മയമാണിത്. ബിഷപ്പിന്റെ അനുമതി ലഭിച്ചാൽ പാറേൽ പള്ളിയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മൂലക്കല്ല് റോമിലെത്തിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം വാങ്ങി കൊണ്ടുവന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. യഥാർഥത്തിൽ ഈ ദേവാലയത്തിന്റെ മൂലക്കല്ല് ക്രിസ്തുവിന്റെ മൂലക്കല്ലാണെന്നും അതിരൂപതയിലെ 82,000 കുടുംബങ്ങൾ ദേവാലയ നിർമാണത്തിൽ പങ്കാളികളായത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തിന് നേതൃത്വം നൽകിയ ആർച്ച്ബിഷപ് മാർ തോമസ് തറയിലിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ഇടയലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്നും 2019-ലെ 'ക്രിസ്തു ജീവിക്കുന്നു' എന്ന പ്രബോധനരേഖ വായിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസവും ധൈര്യവുമാണ് ദൈവവചനം നൽകുന്നത്. പ്രത്യാശയോടെ ജീവിക്കാനുള്ള ഉറപ്പും വിശ്വാസത്തിലൂടെ ലഭിക്കുന്നു.
നാലു ചുവരുകളും മേൽക്കൂരയും ഉണ്ടെങ്കിൽ ഒരു കെട്ടിടം നിർമിക്കാം. എന്നാൽ, അതുകൊണ്ടുമാത്രം ദേവാലയം ഉണ്ടാകില്ല. വിശ്വാസികൾ എത്തി തീക്ഷ്ണമായി പ്രാർഥിക്കുമ്പോഴാണ് ദേവാലയത്തിന് ആത്മീയചൈതന്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ചെറുപ്പംമുതൽ ആത്മീയമൂല്യങ്ങൾ പകർന്നുനൽകുന്നത് അവരെ ശരിയായ വഴിയിൽ നയിക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുടുംബബന്ധങ്ങളുടെ ദൃഢത ഉറപ്പാക്കുന്നതിലും ആത്മീയതയ്ക്ക് വലിയ പങ്കുണ്ട്. ഏതു പ്രതിസന്ധിയിലും ദൈവം ഒപ്പമുണ്ടെന്ന വിശ്വാസം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷവും മതസ്പർധയും വർധിക്കുന്ന കാലത്ത് മനുഷ്യരെ സംഘർഷത്തിലേക്ക് നയിക്കുന്നതിനു പകരം ദൈവസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് പകരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൈവവിശ്വാസം മനുഷ്യരെ ഭിന്നിപ്പിക്കാനുള്ളതല്ലെന്നും അത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധിപേർക്ക് ആശ്വാസവും തണലും അത്താണിയുമായി മാറുന്നതിനൊപ്പം ലോകത്തിന്റെ കൗതുകമായി പാറേൽ പള്ളി മാറട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.


