ശബരിമല മാലിന്യമുക്തമാക്കാൻ 1,000 അംഗ വിശുദ്ധി സേന സജ്ജം

സന്നിധാനത്ത് 300 പേർ; പമ്പയിൽ 250, നിലയ്ക്കലിൽ 420 പേർ.മകരവിളക്ക് വരെ 24 മണിക്കൂറും ശുചീകരണ സേവനം

ശബരിമല മാലിന്യമുക്തമാക്കാൻ 1,000 അംഗ വിശുദ്ധി സേന സജ്ജം

ശബരിമല : തീർത്ഥാടന കാലയളവിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങൾ വൃത്തിയായും മാലിന്യമുക്തമായും സൂക്ഷിക്കാൻ ആയിരത്തോളം അംഗങ്ങളുമായി വിശുദ്ധി സേന സജ്ജമായി. സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ചെയർമാനും അടൂർ ആർ.ഡി.ഒ മെമ്പർ സെക്രട്ടറിയുമായുള്ള സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സന്നിധാനത്ത് 300 പേരെയും പമ്പയിൽ 250 പേരെയും നിലയ്ക്കലിൽ 420 പേരെയും പന്തളത്ത് 20 പേരെയും കുളനടയിൽ 10 പേരെയുമാണ് ശുചീകരണത്തിനും മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കുമായി നിയോഗിച്ചിട്ടുള്ളത്. അയ്യപ്പ സേവാ സംഘത്തിന്റെ സഹായത്തോടെ സേലത്തുനിന്നാണ് വിശുദ്ധി സേനയിലെ ഭൂരിഭാഗം അംഗങ്ങളും എത്തിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുകയാണ് പ്രധാന ചുമതല. ഇതിനായി ദേവസ്വം ബോർഡ് കടകൾക്കു മുന്നിലും വിവിധ ഭാഗങ്ങളിലും മാലിന്യസംഭരണ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം നിക്ഷേപിക്കണമെന്ന നിർദേശവും ബിന്നുകൾക്ക് സമീപം നൽകിയിട്ടുണ്ട്.

സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ 15 സെഗ്മെന്റുകളായി തിരിച്ചാണ് നടപ്പാക്കുന്നത്. ഓരോ സെഗ്മെന്റിലും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും ജില്ലാ കളക്ടർ ഒരു സെഗ്മെന്റ് ഓഫീസറെ വീതം ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തുദിവസം കൂടുമ്പോൾ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് സെഗ്മെന്റ് ഓഫീസർമാരുടെ നിയമനം. സന്നിധാനത്തെ ദൈനംദിന ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി ഡ്യൂട്ടി മജിസ്ട്രേറ്റ് എം. ബിപിൻകുമാർ വിലയിരുത്തും.

ശേഖരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി അടൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ അഞ്ച് ട്രാക്ടറുകൾ ലഭ്യമാക്കിയിട്ടുണ്ട്. തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ട്രാക്ടറുകൾ അനുവദിക്കാൻ ദേവസ്വം ബോർഡ് തയ്യാറാണെന്ന് അവലോകന യോഗത്തിൽ പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചിട്ടുണ്ട്.

മകരവിളക്ക് വരെ ആയിരത്തോളം വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. ബൂട്ട്, ചെരുപ്പ്, ഗ്ലൗസ്, സോപ്പ്, വെളിച്ചെണ്ണ എന്നിവയ്ക്കു പുറമേ പ്രത്യേക യൂണിഫോമും ഇവർക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂറും ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന രീതിയിലാണ് സേനയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത് 

Slide 1
Slide 2
Slide 3
Slide 4