ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ IPS ട്രെയിനിയെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചെന്ന് പരാതി; 22കാരൻ അറസ്റ്റിൽ
കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ IPS ട്രെയിനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ 22കാരൻ അറസ്റ്റിൽ. വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് താൻ IPS ട്രെയിനിയാണെന്ന് വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്ത ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ, വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
IPS ട്രെയിനിയാണെന്ന് ചമഞ്ഞ് പ്രതി സമാന രീതിയിൽ മറ്റ് തട്ടിപ്പുകളും നടത്തിയിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.





