സമൂഹമാധ്യമത്തിലെ വിദ്വേഷ പരാമർശം; തൊടുപുഴ പോലീസ് ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

സമൂഹമാധ്യമത്തിലെ വിദ്വേഷ പരാമർശം; തൊടുപുഴ പോലീസ് ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

തൊടുപുഴ: സമൂഹമാധ്യമത്തിൽ വിദ്വേഷ പരാമർശം ഉൾപ്പെടുന്ന പോസ്റ്റ് പങ്കുവച്ചെന്ന പരാതിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജേഷിനെ സസ്‌പെൻഡ് ചെയ്തു. പോലീസുകാരൻ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ ഡിവൈ.എസ്.പിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തിൽ മൂന്നാർ ഡിവൈ.എസ്.പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു.

പാലാരിവട്ടത്ത് തട്ടമിട്ട യുവതി പൂക്കളം തട്ടിത്തെറിപ്പിക്കുന്നുവെന്ന പേരിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ് വിവാദമായത്. ഈ ചിത്രം ഉപയോഗിച്ച് നടന്നുവന്ന സംഘപരിവാർ പ്രചാരണം എസ്.ഐ പങ്കുവച്ചുവെന്നാണ് യൂത്ത് ലീഗിന്റെ പരാതി.

എന്നാൽ പാലാരിവട്ടത്ത് ഇത്തരമൊരു സംഭവം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും, 2024-ൽ ബെംഗളൂരുവിൽ നടന്ന മറ്റൊരു സംഭവത്തിന്റെ ചിത്രമാണ് പാലാരിവട്ടം എന്ന പേരിൽ പ്രചരിക്കുന്നതെന്നുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

വിവാദം ശക്തമായതിനെ തുടർന്ന് എസ്.ഐ പോസ്റ്റ് പിൻവലിച്ചിരുന്നു. യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. നിഷാദ്, പി.എം. നിസാമുദ്ദീൻ, ഷമൽ അസീസ്, ബാദുഷ അബ്ബാസ്, വി.എൻ. അൻസാരി, നെജീബ് തുടങ്ങിയവരാണ് പരാതി നൽകിയത്.

Slide 1
Slide 2
Slide 3
Slide 4

സമൂഹമാധ്യമങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സംബന്ധിച്ച് വകുപ്പുതലത്തിൽ കർശന പരിശോധനകൾ നടക്കുന്നതിനിടെയാണ് നടപടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4