കാട്ടാനയെ പ്രകോപിപ്പിക്കാൻ ശ്രമം; വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന
മൂന്നാർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കാട്ടാനകൾ നിലയുറപ്പിച്ചിരുന്ന സ്ഥലത്തിന് സമീപത്തെത്തി ബഹളം വയ്ക്കുകയും സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്.
സഞ്ചാരികളുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടർന്ന് കാട്ടാനകൾ അപ്രതീക്ഷിതമായി ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയും അടുത്തെത്തിയും പെരുമാറുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.





