നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ; മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃകയായി കൂട്ടായ്മ

കേരള ജേർണൽ സെൽഫി റിപ്പോർട്ടർ : ബിജു നൈനാൻ മരുതുക്കുന്നേൽ

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ; മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃകയായി കൂട്ടായ്മ

“നദിയെ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക” എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച മാരത്തോൺ പരിസ്ഥിതി സംരക്ഷണത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമായി.

Slide 1
Slide 2
Slide 3
Slide 4

മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. സജു ശാമുവേൽ സി.യുടെയും ഭാരവാഹികളുടെയും നേതൃത്വത്തിലാണ് മാരത്തോൺ സംഘടിപ്പിച്ചത്. നദീസംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലേക്കും അധികാരികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മാരത്തോൺ ശ്രീ പോരുരുട്ടിക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നാണ് ആരംഭിച്ചത്.

പരിസ്ഥിതി സൗഹൃദ പരിപാടിക്ക് ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതിയുടെ പൂർണ പിന്തുണയും സഹകരണവും ലഭിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജേഷ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. നാടിന്റെ പൊതുനന്മയ്ക്കായി മതഭേദങ്ങൾ മറന്ന് ഒരുമിക്കാമെന്ന സന്ദേശമാണ് കൂട്ടായ്മ മുന്നോട്ടുവച്ചത്.

പരിപാടിയുടെ സ്മരണ നിലനിർത്തുന്നതിനായി ക്ഷേത്രാങ്കണത്തിൽ റവ. സജു ശാമുവേൽ സി., ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജേഷ്, ഗ്രാമപഞ്ചായത്ത് അംഗം ഗിരികുമാർ, തുരുത്തിക്കാട് പ്രദേശത്തെ മുതിർന്ന വൈദികൻ റവ. എം.സി. ജോൺ മരുതുക്കുന്നേൽ എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ നട്ടു.

Slide 1
Slide 2
Slide 3
Slide 4

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തവും മാരത്തോണിനെ ശ്രദ്ധേയമാക്കി. യുവജനസഖ്യം പ്രവർത്തകർക്കൊപ്പം ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതി അംഗങ്ങൾ, തുരുത്തിക്കാട് ബി.എ.എം. കോളേജ് നാഷണൽ സർവീസ് സ്കീം (NSS) വോളണ്ടിയർമാർ, തുരുത്തിക്കാട് പബ്ലിക് ലൈബ്രറി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവരും മാരത്തോണിൽ അണിചേർന്നു.

Slide 1
Slide 2
Slide 3
Slide 4

നദീസംരക്ഷണ സന്ദേശത്തോടൊപ്പം നാടിന്റെ പൊതുനന്മയ്ക്കായി ജാതി-മത ഭേദങ്ങൾ തടസ്സമല്ലെന്ന ശക്തമായ സന്ദേശവും പകർന്നാണ് തുരുത്തിക്കാട് ഗ്രാമത്തിലെ പ്രഭാതം ശ്രദ്ധേയമായത്.