കർഷകർക്ക് സുരക്ഷാകവചമായി കിസാൻ സുരക്ഷാ ഇൻഷുറൻസ്; ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു
കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും അപകടസുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു.
മൃഗങ്ങളുടെ ആക്രമണം, വാഹനാപകടം തുടങ്ങി വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അപ്രതീക്ഷിത അപകടങ്ങളിൽ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വെറും 300 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപകടത്തെ തുടർന്ന് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിൽ രണ്ട് ലക്ഷം രൂപ വരെ ചികിത്സാ സഹായവും ലഭ്യമാകും. അപകടം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ആഴ്ചയിൽ 5,000 രൂപ വരെ 100 ആഴ്ച വരെ സാമ്പത്തിക സഹായം ലഭിക്കുന്ന വ്യവസ്ഥയും പദ്ധതിയിലുണ്ട്.
കിസാൻ സർവീസ് സൊസൈറ്റി വാഴത്തോപ്പ് യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. ഇടുക്കി എഡിഎം മിനി കെ. ജോൺ ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി.എ. ജോൺ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ടിന്റു സുബാഷ് അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട സൊസൈറ്റി അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു.
കിസാൻ സർവീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി. പ്രശാന്ത്, യൂണിറ്റ് ജനറൽ സെക്രട്ടറി സെലിൻ വിൽസൺ, ബാബു ചേറ്റാനിയിൽ, പി.ഡി. ജോസഫ്, കുര്യൻ കളപ്പുരക്കൽ, ബിജു കലയത്തിനാൽ തുടങ്ങിയവർ സംസാരിച്ചു.
കാർഷിക മേഖലയിലെത്തുന്ന അപകടങ്ങളുടെ സാമ്പത്തിക ആഘാതത്തിൽ നിന്ന് കർഷക കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന സുരക്ഷാകവചമായി പദ്ധതി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.





