ഓണത്തിരക്കിന് മുമ്പേ എം.സി. റോഡിൽ അറ്റകുറ്റപ്പണി; പണിയുടെ പേരിലും നഗരം കുരുങ്ങി

ഓണത്തിരക്കിന് മുമ്പേ എം.സി. റോഡിൽ അറ്റകുറ്റപ്പണി; പണിയുടെ പേരിലും നഗരം കുരുങ്ങി

കോട്ടയം: ഓണത്തിരക്ക് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എം.സി. റോഡിൽ നടത്തിയ അറ്റകുറ്റപ്പണിയും നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. നാഗമ്പടം മുതൽ പട്ടിത്താനം വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തിയത്. റോഡിലെ കുഴികൾ അടയ്ക്കുകയും തകർന്ന ഭാഗങ്ങളിൽ റീടാറിങ് നടത്തുകയും ചെയ്തു.

നാഗമ്പടം മേൽപ്പാലത്തിലെ കുഴികളും ചൂട്ടുവേലിയിലെ അപകടക്കുഴികളും അടച്ചതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും തിരക്കേറിയ സമയത്തും തിരക്കേറിയ പ്രദേശങ്ങളിലും അറ്റകുറ്റപ്പണി നടത്താൻ എത്തിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

Slide 1
Slide 2
Slide 3
Slide 4

നഗരം സജീവമായതിനു പിന്നാലെ രാവിലെ 11ഓടെയാണ് നാഗമ്പടം മേൽപ്പാലത്തിലെ കുഴികൾ അടയ്ക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചത്. ഇതോടെ നഗരത്തിലും എം.സി. റോഡിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. തിരക്ക് ആരംഭിക്കുന്നതിന് മുമ്പ് റീടാറിങ് പൂർത്തിയാക്കിയിരുന്നെങ്കിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

തുടർന്ന് പട്ടിത്താനം വരെയുള്ള ഭാഗങ്ങളിൽ റീടാറിങ് നടത്തിയപ്പോഴും ഗതാഗതക്കുരുക്ക് തുടർന്നു. നാഗമ്പടത്തെയും ചൂട്ടുവേലിയിലെയും കുഴികൾ നേരത്തെ പലതവണ താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും തകരുകയായിരുന്നു. ഓണനാളുകളിൽ ഈ കുഴികൾ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയത്.

എം.സി. റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും നഗരത്തിലെ മറ്റു റോഡുകളിൽ നിരവധി കുഴികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. നാഗമ്പടം പാലത്തിന്റെ തെക്കുവശം, സ്റ്റാർ ജങ്ഷൻ, ഐഡ ജങ്ഷൻ എന്നിവിടങ്ങളിലും കെ.കെ. റോഡിലെ കഞ്ഞിക്കുഴിയിലും കുഴികൾ തുടരുകയാണ്.

Slide 1
Slide 2
Slide 3
Slide 4

ചെറിയ കുഴികളാണെങ്കിലും വാഹനങ്ങൾ വേഗം കുറയ്ക്കുന്നത് തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനു പുറമെ അനധികൃത പാർക്കിങ്ങും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഓണത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ റോഡുകളിലെ ശേഷിക്കുന്ന കുഴികളും സമയബന്ധിതമായി അടയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4