പാലാ ജനറൽ ആശുപത്രി മോഷണക്കേസ്: പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാലാ: പാലാ ജനറൽ ആശുപത്രിയിലെ മോഷണക്കേസിൽ പിടിയിലായ യുവാവ് പാലാ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമപുരം വെള്ളിയേപ്പള്ളി പേഴത്തിനാൽ വിഷ്ണു (19) ആണ് സ്റ്റേഷനിൽ കഴുത്തിൽ കത്രിക ഉപയോഗിച്ച് മുറിവേൽപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച വിഷ്ണുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം.
സ്റ്റേഷനിലെ മേശപ്പുറത്തുണ്ടായിരുന്ന ചെറിയ കത്രിക പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ കൈക്കലാക്കിയ പ്രതി കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും പ്രതി അക്രമാസക്തമായി പെരുമാറിയതായി പൊലീസ് അറിയിച്ചു.
പരിക്കുകൾ ഗുരുതരമല്ല. പാലായിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി മോഷണക്കേസ്
ഓഗസ്റ്റ് നാലിന് വൈകിട്ടാണ് പാലാ ജനറൽ ആശുപത്രിയിൽ മോഷണം നടന്നത്. സുഹൃത്തിന് കൂട്ടിരിപ്പുകാരനായി ആശുപത്രിയിലെത്തിയ വിഷ്ണു, മുകളിലത്തെ നിലയിലെ ക്യാഷ് കൗണ്ടറിൽ ആളില്ലാത്ത സമയം നോക്കി ഗ്രിൽ തകർത്ത് അകത്തുകയറി പണം മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിഷ്ണുവിനെതിരെ മുൻപ് രാമപുരത്ത് വൃദ്ധയെ പീഡിപ്പിച്ച കേസും കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് കേസും നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.





