ഫിറ്റ്സ് ബാധിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ; രക്ഷയായത് സമയോചിത ഇടപെടൽ
കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഫിറ്റ്സ് ബാധിച്ച പിഞ്ചുകുഞ്ഞിനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. പുതുപ്പള്ളി വഴി കോട്ടയം–ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കൊണ്ടോടി ട്രാവൽസിലെ ജീവനക്കാരായ ജിഷ്ണുവും അബിനുമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയത്.
കഴിഞ്ഞ 13ന് വൈകിട്ട് 6.13ഓടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് മാങ്ങാനം ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിക്ക് ഫിറ്റ്സ് ഉണ്ടായത്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഉടൻ ഇടപെടുകയായിരുന്നു.
തുടർന്ന് സർവീസ് നിർത്തിവെച്ച് കുട്ടിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിക്കാൻ ബസ് അതിവേഗം ഓടിച്ചു. ഗതാഗതക്കുരുക്കിനിടയിലും കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജീവനക്കാർ പരമാവധി വേഗത്തിൽ ആശുപത്രിയിലെത്തി.
അപകട സാഹചര്യം മനസിലാക്കിയ കഞ്ഞിക്കുഴിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ബസ് കടന്നുപോകുന്നതിനായി ആവശ്യമായ സൗകര്യമൊരുക്കി. വയർലെസ് സംവിധാനത്തിലൂടെ വിവരങ്ങൾ കൈമാറി ജില്ലാ ആശുപത്രിയിലും അടിയന്തര ക്രമീകരണങ്ങൾ ഒരുക്കി.സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തു.





